
കളിവണ്ടിയോട്ടിക്കളിക്കേണ്ട ബാല്യത്തില്‍
നിന്റെ സ്വപ്നങ്ങളെ തച്ചുടച്ചതാര്..?
പൂമ്പാറ്റപോല്‍ പാറിക്കളിക്കേണ്ട പ്രായത്തില്‍
നിന്‍ ചിറകുകളെ അരിഞ്ഞുവീഴ്ത്തിയതെന്തിന്..?
അമ്മതന്‍ വാത്സല്യവും പിതൃസാന്ത്വനവും
നിന്നില്‍ നിന്ന് തട്ടിപ്പറിച്ചതെവിടെ വെച്ച്..?
കാണാതെപോയ നിന്‍ കളിപ്പമ്പരം
വീടിന്റെ ചാരക്കൂനയിലൊളിപ്പിച്ചു വെച്ചതാര്..?
മാനത്തേക്കുയര്‍ത്തിയ നിന്‍ വര്‍ണ്ണപ്പട്ടം
ഇടക്കുവെച്ച് ചരട്മുറിച്ച് കൊണ്ടുപോയതേത് കാറ്റ്..?
കരയാന്‍പോലും ശേഷിയില്ലാത്ത നിന്‍ മുഖം
ഞാനിന്നെന്‍ കണ്ണീരുകൊണ്ട് കഴുകട്ടെ..
അവര്‍ പൊട്ടിച്ചെറിഞ്ഞൊരു ടിയര്‍ഗ്യാസിന്‍ നീറ്റലില്‍
വരണ്ടുതീര്‍ന്നൊരു കണ്‍കോണിലിത്തിരി
കണ്ണുനീര്‍ മാത്രമല്ലൂ ശേഷിപ്പായി...!
******************************************
യുദ്ധങ്ങളിലും കലാപങ്ങളിലും ഒറ്റപ്പെടേണ്ടിവരുന്ന
നിസ്സഹായരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി