Wednesday, November 21, 2007

തിമിരം

കറുത്ത അക്ഷരങ്ങള്‍
കണ്ണില്‍ കുത്താന്‍ തുടങ്ങിയപ്പോഴാണ്
പത്രവായന ഞാന്‍ നിര്‍ത്തിയത്.

ആണവകരാറില്‍ രാഷ്ട്രീയപാര്‍ട്ടികള്‍
ചാഞ്ചാടിക്കളിച്ചു ഒന്നാംപേജില്‍
എല്ലുന്തിയ പട്ടിണിക്കോലങ്ങള്‍ക്കു മീതെ
രാഷ്ട്രനേതാക്കള്‍ ചിരിതൂകി നിന്നു വിദേശപേജില്‍
റബ്ബറിന് വിലയിടിഞ്ഞപ്പോള്‍
ആത്മരോഷം കൊണ്ടു പത്രാധിപര്‍
കടം കയറിയ കുടുംബനാഥന്‍
കൂട്ടത്തോടെ കണ്ണടച്ചുകിടന്നു പോസ്റ്റ്മോര്‍ട്ടം പേജില്‍
കളികാണുന്ന മദാമ്മയുടെ മേനിയില്‍
ക്യാമറക്കണ്ണുടക്കി സ്പോര്‍ട്സ് പേജ്

കണ്ണില്‍ ഇരുട്ട് കയറിയതിനാലാകാം
അവസാനതാള്‍ വായിക്കാനായില്ല.

കറുത്ത അക്ഷരങ്ങള്‍ക്കു പകരം
ഇപ്പോള്‍ വെളുത്ത പ്രതലവും
ശൂന്യമായ ചിന്തകളും..
തിമിരം ബാധിച്ചത്
കണ്ണിനോ കണ്ണടക്കോ..?

Tuesday, October 23, 2007

ഞാനും വന്നോട്ടെ.., ഈ കുടക്കീഴില്‍..?

മുമ്പൊരു സുഹൃത്ത് അയച്ചുതന്ന ഇ-മെയിലില്‍ നിന്നാണ് ബ്ലോഗിങ്ങിനെക്കുറിച്ച് അറിയുന്നത്.
അന്നുമുതല്‍ തുടങ്ങിയതാണ് ഒരു ബ്ലോഗറാകണമെന്ന മോഹം.
നാളേറെക്കഴിഞ്ഞു..; ഇപ്പഴാണ് ഒരവസരം ഒത്തുവന്നത്.


വീണും എണീറ്റും പിന്നെയും വീണും നടക്കാന്‍ പഠിക്കുന്നൊരു കുഞ്ഞിനെപ്പൊലെ
അക്ഷരതെറ്റില്ലാതെ മലയാളം എഴുതാനുള്ള നീണ്ട ശ്രമത്തിനൊടുവില്‍ ഞാനുമൊരു ബ്ലോഗ് തുടങ്ങുന്നു ; നിങ്ങളുടെയൊക്കെ അനുഗ്രഹത്തോടെ..

ഇന്നു മുതല്‍ ഞാനുമുണ്ട് ഈ ബൂലോകത്ത്,നിങ്ങളീലൊരുവളായി.