Wednesday, June 25, 2008

ഞെട്ടറ്റുവീണ പൂമൊട്ട്


അറിയില്ല, എനിക്ക് നിന്നെ
കണ്ടിട്ടില്ല, ഞാനിന്നെ വരെ
എങ്കിലും ഒന്നെനിക്കറിയാം
നിന്റെ കുഞ്ഞിളം കണ്ണുകളീല്‍
എന്നും കുസൃതിയായിരുന്നു
മുഖം പുഞ്ചിരിക്കുമ്പോഴും
അകം വേവുകയായിരുന്നു.
കിട്ടാതെ പോകുന്ന
അച്ചന്റെ സാന്ത്വനത്തിനായി
കണ്ണീരൊഴിഞ്ഞ
അമ്മയുടെ പുഞ്ചിരിക്കായി

അച്ചന്‍ കൊണ്ടത്തരുന്ന
പേരക്ക നീ സ്വപ്നം കണ്ടിരിക്കണം
അതായിരിക്കാം ആരോയൊരാള്‍
നീട്ടിയ പേരക്കക്കായി
നീ ഓടിച്ചെന്നത്.

ഒമ്പതിന്റെ പാവാടച്ചരടില്‍
കാമത്തിന്റെ കടക്കണ്ണെറിയുന്ന
ചെകുത്താന്മാര്‍ വാഴും ലോകത്ത്
പെണ്ണായി പിറന്ന നിനക്ക്
ജീവിക്കാനര്‍ഹതയില്ലെന്ന സത്യം
തിരിച്ചറിയാന്‍ നീയെന്തെ വൈകി?
*******************************
സമര്‍പ്പണം : കഴിഞ്ഞ ദിവസം വടകരയില്‍ നാല്‍പ്പതുകാരനാല്‍ കഴുത്തുഞെരിച്ച് കൊലചെയ്യപ്പെട്ട കുഞ്ഞനിയത്തി ഷഹാനക്ക്.

Sunday, June 1, 2008

കണ്ണീരുണങ്ങാതെ..



കളിവണ്ടിയോട്ടിക്കളിക്കേണ്ട ബാല്യത്തില്‍
നിന്റെ സ്വപ്നങ്ങളെ തച്ചുടച്ചതാര്..?
പൂമ്പാറ്റപോല്‍ പാറിക്കളിക്കേണ്ട പ്രായത്തില്‍
നിന്‍ ചിറകുകളെ അരിഞ്ഞുവീഴ്ത്തിയതെന്തിന്..?
അമ്മതന്‍ വാത്സല്യവും പിതൃസാന്ത്വനവും
നിന്നില്‍ നിന്ന് തട്ടിപ്പറിച്ചതെവിടെ വെച്ച്..?
കാണാതെപോയ നിന്‍ കളിപ്പമ്പരം
വീടിന്റെ ചാരക്കൂനയിലൊളിപ്പിച്ചു വെച്ചതാര്..?
മാനത്തേക്കുയര്‍ത്തിയ നിന്‍ വര്‍ണ്ണപ്പട്ടം
ഇടക്കുവെച്ച് ചരട്മുറിച്ച് കൊണ്ടുപോയതേത് കാറ്റ്..?
കരയാന്‍പോലും ശേഷിയില്ലാത്ത നിന്‍ മുഖം
ഞാനിന്നെന്‍ കണ്ണീരുകൊണ്ട് കഴുകട്ടെ..
അവര്‍ പൊട്ടിച്ചെറിഞ്ഞൊരു ടിയര്‍ഗ്യാസിന്‍ നീറ്റലില്‍
വരണ്ടുതീര്‍ന്നൊരു കണ്‍കോണിലിത്തിരി
കണ്ണുനീര്‍ മാത്രമല്ലൂ ശേഷിപ്പായി...!
******************************************
യുദ്ധങ്ങളിലും കലാപങ്ങളിലും ഒറ്റപ്പെടേണ്ടിവരുന്ന
നിസ്സഹാ‍യരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി